---
title: "ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് അന്തരിച്ചു: ഇന്ന് ഇന്ത്യയിൽ ദേശീയ ദുഃഖാചരണം"
english_title: "National Mourning in India Today for Former Qatar Emir Sheikh Hamad Bin Khalifa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372047/National Mourning in India Today for Former Qatar Emir Sheikh Hamad Bin Khalifa"
published_at: "2026-07-13T04:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a541fe563768_1000171466.jpg"
keywords: []
---

# ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് അന്തരിച്ചു: ഇന്ന് ഇന്ത്യയിൽ ദേശീയ ദുഃഖാചരണം

> **Lead Summary:** ദില്ലി: ഖത്തറിന്റെ മുൻ അമീറും 'ഫാദർ അമീർ' എന്നറിയപ്പെടുന്ന ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് ഇന്ത്യയിൽ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കും.

## Article Content

ദില്ലി: ഖത്തറിന്റെ മുൻ അമീറും 'ഫാദർ അമീർ' എന്നറിയപ്പെടുന്ന ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് ഇന്ത്യയിൽ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കും.

രാജ്യത്തുടനീളമുള്ള സർക്കാർ മന്ദിരങ്ങളിലും ഇന്ത്യൻ എംബസികളിലും ദേശീയ പതാക പകുതി താഴ്തി കെട്ടും. സർക്കാരിന്റെ ഔദ്യോഗിക ആഘോഷ പരിപാടികൾ ഇന്ന് ഒഴിവാക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

ഖത്തറിന്റെ വികസനത്തിലും പുരോഗതിയിലും നിർണായക പങ്ക് വഹിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു ഷെയ്ഖ് ഹമദെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തായിരുന്നു അദ്ദേഹമെന്നും മോദി കുറിച്ചു.

> എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു, "2024 ഫെബ്രുവരിയിൽ ഖത്തർ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചു. ഖത്തറിനെ വലിയ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച നേതാവായിരുന്നു അദ്ദേഹം." ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിക്കും രാജകുടുംബത്തിനും ഖത്തർ ജനതയ്ക്കും അദ്ദേഹം അനുശോചനം അറിയിച്ചു.

ഇന്ത്യയുടെ അനുശോചനം നേരിട്ട് അറിയിക്കാൻ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജു ഖത്തറിലേക്ക് പോകും. ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര-വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഷെയ്ഖ് ഹമദിന്റെ സംഭാവനകൾ വലുതാണ്. ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഖത്തറിൽ ജോലി ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ നിര്യാണം ഗൾഫിലെ ഇന്ത്യൻ സമൂഹത്തിനും വലിയ നഷ്ടമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372047/National Mourning in India Today for Former Qatar Emir Sheikh Hamad Bin Khalifa)